പീരുമേട് ഭാഗത്തെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഭീഷണിയായിരിക്കുന്ന കാട്ടാനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് വേഗത്തിലാക്കിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് വാഴൂർ സോമൻ എം.എൽ.എ
കഴിഞ്ഞ ദിവസം പീരുമേട് മരിയഗിരി സ്കൂളിനു മുന്നിൽ ബസ് കാത്തു നിന്ന കുട്ടികൾക്കടുത്തേക്ക് കാട്ടാന പഞ്ഞടുത്തിരുന്നു. നാലു ദിവസമായി കാട്ടാന ജനവാസ മേഖലയായ തട്ടാത്തിക്കാനത്തും പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. പലതവണ മരിയഗിരി സ്ക്കൂളിനു മുന്നിലൂടെ ദേശീയ പാത മുറിച്ചു കടന്നു. ശബരിമല തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വലിയ തിരക്കാണ് ഇപ്പോൾ ദേശീയപാതയിലുണ്ട്.
നിരവധി പേരുടെ കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ജില്ല ഭരണകൂടം സർവ്വ കക്ഷിയോഗം വിളിച്ചത്. കാട്ടാനയെ മയക്കുവെടി വെച്ച് ഉൾക്കാട്ടിലേക്ക് മാറ്റണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്. വനംവകുപ്പിൻറെ ദ്രുത കർമ്മ സേനയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും വാഹനം, വെളിച്ചം, ഉപകരണങ്ങളും ഇല്ലാത്തതും പരാതിയായി. പീരുമേട് കേന്ദ്രീകരിച്ച് റേഞ്ച് ഓഫീസ് വേണമെന്നും കോട്ടയം ഡിഎഫ് ഒ ഓഫീസ് ഇടുക്കിയിലേക്ക് മാറ്റണമെന്നും ആവശ്യമുയർന്നു.
പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണത്തിനായി വനംവകുപ്പ് ഇരുപതംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ സ്ക്കൂളിന് എതിർ ഭാഗത്തെ പുൽമേടിനു സമീപമാണ് ആനയുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. സ്‌കൂൾ സമയങ്ങളിൽ പ്രദേശത്ത് വനപാലകരുടെ പ്രത്യേക സുരക്ഷ ഉണ്ടാകും. കാട്ടാനയുടെ സഞ്ചാരം മനസ്സിലാക്കാൻ ആധുനിക ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. ഭാഗമായി വിളിച്ചുകൂട്ടിയ യോഗത്തിൽ വണ്ടിപ്പെരിയാർ പീരിമേട് കുമളി പെരുവന്താനം കൊക്കയർ ഏലപ്പാറ തുടങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ സെക്രട്ടറിമാർ എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു.