ഇടുക്കിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി റോസ്മേരി എന്ന കുട്ടിയമ്മയെയാണ് (48) തൊടുപുഴ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിണം.
2014 മേയ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യമായി പ്രസവിച്ച ശേഷം കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കന്നുകാലിത്തൊഴുത്തിന്റെ മേൽക്കൂരയിൽ ഒളിപ്പിക്കുകയായിരുന്നു. തൊഴുത്തിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാർ മുൻ ഇൻസ്പെക്ടർ എ.ആർ ഷാനിഖാൻ അന്വേഷണം നടത്തുകയും, മൂന്നാർ മുൻ ഇൻസ്പെക്ടർ സാം ജോസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ് രാജേഷ് ഹാജരായി.

