ഇരട്ടയാർ ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചുവന്നിരുന്ന സർക്കാർ ഹോമിയോ ആശുപത്രി ഇരട്ടയാറ്റിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നിൽ എൽഡിഎഫിൻ്റെ സമരം
ഇരട്ടയാർ ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചുവന്നിരുന്ന സർക്കാർ ഹോമിയോ ആശുപത്രി ഇരട്ടയാറ്റിലേക്ക് മാറ്റിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ ജനകീയ പ്രതിഷേധം ഉയരുമ്പോൾ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ഇരട്ടയാർ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി.ആക്ഷൻ കൗൺസിലുമായി പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തണമെന്നും വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
കഴിഞ്ഞ 40 വർഷമായി ഈട്ടിതോപ്പിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോമിയോ ആശുപത്രിയാണ് കഴിഞ്ഞ നാളിൽ ഇരട്ടിയാറ്റിലേക്ക് മാറ്റിയത്. പ്രദേശത്തെ ജനപ്രതിനിധികളോടോ നാട്ടുകാരോടോ ആശുപത്രി മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാതെ ഒറ്റ രാത്രികൊണ്ട് ആശുപത്രിയുടെ പ്രവർത്തനം ഇരട്ടയാറ്റിലേക്ക്മാറ്റുകയായിരുന്നു എന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്.ഇതിനോടകം നിരവധി പ്രതിഷേധപരിപാടികൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തി കഴിഞ്ഞു.
എന്നാൽ ഈട്ടിതോപ്പിൽ നടക്കുന്ന ജനകീയ സമരത്തോടെ പഞ്ചായത്ത് ഭരണസമിതി മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതായാണ് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പറയുന്നത്.ആക്ഷൻ കൗൺസിലുമായി ചർച്ച ചെയ്യുന്നതിനോ പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനോ ഭരണസമിതി തയ്യാറാകുന്നില്ല എന്നാണ് എൽഡിഎഫ് അംഗങ്ങൾ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫീസ് പടിക്കൽ എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്.
ഒരു പ്രദേശത്തിൻറെ വികസനം തന്നെ പിറകോട്ട് അടിക്കുന്ന നടപടിയാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഇത് പ്രദേശത്തെ ജനങ്ങളുടെ വെല്ലുവിളിയാണെന്നും എൽഡിഎഫ് അംഗങ്ങൾ പറയുന്നു. പ്രദേശവാസികൾക്കും ആക്ഷൻ കൗൺസിലിനും എൽഡിഎഫ് അംഗങ്ങളുടെ പൂർണ്ണ പിന്തുണയും ഉറപ്പു നൽകി. പ്രതിഷേധ പരിപാടിയിൽ ലാലച്ചൻ വെള്ളക്കട .ടി കെ അപ്പുക്കുട്ടൻ ,ആനന്ദ് സുനിൽകുമാർ. ജിഷ ഷാജി, രാജി ഹരികുമാർ. മിനി പ്രതീഷ് എന്നിവർ പങ്കെടുത്തു.എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആക്ഷൻ കൗൺസിൽ അംഗങ്ങളും ഇരട്ടയാറ്റിൽ എത്തിയിരുന്നു.

