"സ്വച്ചതാ ഹി സേവ - കൈയോട് കൈ" കല്യാണത്തണ്ട് ടൂറിസം മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് കട്ടപ്പന നഗരസഭ
സ്വച്ചതാ ഹി സേവ 2.0,കൈയ്യോടുകൈ ക്യാമ്പയിന്റെ ഭാഗമായി ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം മേഖലയായ കല്യാണത്തണ്ട് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി, കട്ടപ്പന നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം.ഹൈറേഞ്ചിലെ അതിമനോഹരമായ കട്ടപ്പന കല്യാണത്തണ്ട് മലനിരകൾ വിനോദസഞ്ചാരികൾക്ക് ഹൃദയം നിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന പ്രദേശമാണ്.ചുറ്റും മലനിരകളും, ഇടുക്കി ജലാശയവും ഇവിടെ എത്തിയാൽ കാണുവാൻ സാധിക്കും. എപ്പോഴും കുളിർമ പകരുന്ന മന്ദമാരുതനും ഇവിടെ അനുഭവിക്കാൻ സാധിക്കും.വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ, ഭക്ഷണങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന പേപ്പറുകൾ, കപ്പുകൾ തുടങ്ങിയവ പരിസ്ഥിതിക്ക് ദോഷകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി.പി. ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്.ഡി, അനുപ്രിയ കെ.എസ്, അമ്പിളി.ബി, രജിത.ഐ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ കെ. ജി, ക്രൈസ്റ്റ് കോളേജ് എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന പ്രവർത്തകർ, കല്യാണത്തണ്ട് ക്ഷേത്ര ഭാരവാഹികൾ, നഗരസഭാ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി .

