മൂന്നാര്‍ പള്ളിവാസലില്‍ കുരിശിന് മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം; കോഴിക്കോട് സ്വദേശികളായ നാല് യുവാക്കള്‍ അറസ്റ്റില്‍
മൂന്നാര്‍ പള്ളിവാസലില്‍ കുരിശിന് മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. നീലക്കുറിഞ്ഞി കാണാനെത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് കുരിശിന് മുകളില്‍ കയറി ഫോട്ടോയും വീഡിയോയും പകര്‍ത്തിയത്. സംഭവത്തില്‍ കോഴിക്കോട് ഉണ്ണിക്കുളം പൂനൂര്‍ സ്വദേശി മുഹമ്മദ് അഷ്മില്‍, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിഹാല്‍, താമരശേരി കാട്ടിപ്പാറ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് മുക്ദാര്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായിരുന്നു. തുടര്‍ന്ന് പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയ വികാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. മൂന്നാര്‍ സിഐ ബിനോദ് കുമാര്‍, എസ്‌ഐ കൃഷ്ണപ്രിയ, പൊലീസ് ഉദ്യോഗസ്ഥരായ സുനീഷ് കുമാര്‍, ദിലീപ് കുമാര്‍, ഷാജഹാന്‍, സമദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വിവിധ ക്യാമറകളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

