13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥൻ വണ്ടിപ്പെരിയാറിൽ അറസ്റ്റിൽ
തിരുവനന്തപുരം പുളിക്കോട് സ്വദേശിയായ അനൂപിനെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മൂന്നു മാസങ്ങൾക്ക് മുൻപ് ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥനായ അനൂപ്, വണ്ടിപ്പെരിയാർ സ്വദേശിയായ ഒരു സ്ത്രീയുമായി അടുപ്പത്തിലാകുകയും ഇവരെ വിവാഹം കഴിക്കാം എന്ന വാക്ക് നൽകുകയും ചെയ്തു.
എന്നാൽ പിന്നീട് ഇവർ തമ്മിൽ വേർപിരിയുന്ന സാഹചര്യം ഉണ്ടായി. ഇവർ രണ്ടുപേരും മുൻപ് വിവാഹം കഴിച്ച്, വേർപിരിഞ്ഞു കഴിയുന്നവരാണ്. ഈ സ്ത്രീയുടെ 13 വയസ്സുള്ള മകളുമായി ഇയാൾ അടുപ്പം സ്ഥാപിക്കുകയും ഇയാൾ താമസിക്കുന്ന വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
സംഭവത്തിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന വനിതാ സെല്ല് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് അയക്കുകയുമായിരുന്നു.തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ തൊടുപുഴ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഡി സുവർണ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.