നീറ്റ് യുജി 2026; പരീക്ഷ മേയ് 3ന് നടക്കും
മെഡിക്കല് പൊതുപ്രവേശന പരീക്ഷയായ നീറ്റ് യുജി- 2026 മേയ് മൂന്ന് ഞായറാഴ്ച്ച 2 മുതല് 5 വരെ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും, ലക്ഷദ്വീപില് കവരത്തിയിലും പരീക്ഷ കേന്ദ്രമുണ്ട്.ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിലും, യുഎഇ, ഖത്തര്, ഒമാന്, സഊദി, സിങ്കപ്പൂര്, മലേഷ്യ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള് അനുവദിച്ചിട്ടുണ്ട്.വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്പെക്ടസും നാഷണല് ടെസ്റ്റിങ് ഏജന്സിയുടെ വെബ്സൈറ്റില് ലഭ്യമാണ്.നീറ്റ് യുജി
നാഷനല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ സർക്കാർ /സ്വകാര്യ / കല്‍പിത സർവകലാശാലകളിലേതടക്കം വിവിധ മെഡിക്കല്‍ /ഡെന്റല്‍ മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് യു.ജി വഴിയാണ്. ആള്‍ ഇന്ത്യ ക്വാട്ടാ സീറ്റുകള്‍, മാനേജ്മെന്റ് സീറ്റുകള്‍, എൻ.ആർ.ഐ സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും നീറ്റ് സ്കോർ ബാധകമാണ്.
മറ്റു പ്രോഗ്രാമുകള്‍ക്കും എം.ബി.ബി.എസ്, ബി.ഡി.എസ് പ്രോഗ്രാമുകള്‍ക്കു പുറമേ കേരളത്തിലേതടക്കം വിവിധ സ്ഥാപനങ്ങളില്‍ ആയുർവേദം, ഹോമിയോ, യൂനാനി, സിദ്ധ, വെറ്ററിനറി, അഗ്രികള്‍ച്ചർ, ഫോറസ്ട്രി, ഫിഷറീസ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും നീറ്റിന്റെ അടിസ്ഥാനത്തിലാണ്. മിലിറ്ററി നഴ്സിങ് സർവിസിലെ ബി.എസ്.സി നഴ്സിങ്, ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്.സി (ഓണേഴ്സ്) നഴ്സിങ് പ്രവേശനങ്ങള്‍ക്കും നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്.
ജിപ്മറിലെ അലൈഡ് ഹെല്‍ത്ത് പ്രോഗ്രാമുകളുടെ പ്രവേശനവും നീറ്റ് സ്കോർ അടിസ്ഥാനത്തിലാണ്. പൂനെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജിലെ (എ.എഫ്.എം.സി) എം.ബി.ബി.എസ് പ്രവേശനത്തിന്റെ ആദ്യ ഘട്ടവും നീറ്റ് സ്കോറടിസ്ഥാനത്തിലാണ്. വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനത്തിനും നീറ്റ് യോഗ്യത അനിവാര്യമാണ്. ഇൻസ്പെയർ - സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ (INSPIRE- SHE) സ്കോളർഷിപ്പിനും നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്.



