പള്ളിവാസല്‍ രണ്ടാം മൈലിന് സമീപം വലിയ പാറ അടര്‍ന്ന് വീഴാറായ സാഹചര്യം; മൂന്നാറിലേക്കുള്ള ഗതാഗതം ആനച്ചാല്‍ വഴി തിരിച്ചു വിടുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
പള്ളിവാസല്‍ പഞ്ചായത്തില്‍ രണ്ടാം മൈലിനു സമീപം വലിയ പാറ അടര്‍ന്നു വീഴാറായ സാഹചര്യത്തില്‍ മൂന്നാറിലേക്കുള്ള ഗതാഗതം ആനച്ചാല്‍ വഴി തിരിച്ചു വിടുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാത്രിയില്‍ മഴയോ ശക്തമായ കാറ്റോ ഉണ്ടായാല്‍ പാറ വീണ് വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഗതാഗതം വഴി തിരിച്ചു വിടുന്നത്. യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം വലിയ അപകടങ്ങള്‍ക്ക് കാരണമാകും. അപകടകരമായ് നില്‍ക്കുന്ന പാറക്കെട്ട് നീക്കം ചെയ്തതിനുശേഷം മാത്രമായിരിക്കും ഗതാഗതം പുനര്‍സ്ഥാപിക്കുക. പാറ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ദേശീയപാത അധികൃതര്‍ ആരംഭിച്ചു. അതേസമയം പൂജവെപ്പിനോട് അനുബന്ധിച്ചുള്ള അവധിയില്‍ നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്. ഇതുമൂലം ആനച്ചാലില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

