കലോത്സവത്തിലെ നാടകവേദിയിൽ ആദ്യമായി എത്തിയവർ: മികച്ച നടീ നടൻമാരായി ഷിഫാനയും മുഹമ്മദ് ഇഹ്സാനും
കലോത്സവത്തിൽ നാടക വേദിയിൽ ആദ്യമായി എത്തിയവരാണ് ഷിഫാനാ നൗഷാദും മുഹമ്മദ് ഇഹ്സാനും.ആദ്യ മത്സരത്തിൽ ഇരുവരും നേടിയത് ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ മികച്ച നടീനടന്മാർക്കുള്ള പുരസ്കാരം. തൊടുപുഴ മുതലക്കോടംസേക്രട്ട് ഹേർട്ട് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷിഫാന നൗഷാദ്. സയൻസ് ഡ്രാമയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും കലോത്സവ വേദിയിൽ ഇതാദ്യമാണ്.
ഗൗരിശങ്കർ 8B എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ഗൗരിശങ്കറിനെയാണ് ഷിഫാന മികവോടെ അവതരിപ്പിച്ചത്.മുതലക്കോടം തട്ടുപറമ്പിൽ നൗഷാദിൻ്റെയും ഷൈലയുടെയും മകളാണ് ഷിഫാന.അറക്കുളം സെൻ്റ് മേരീസ് സ്കൂളിൻ്റെ കഥാപാത്രങ്ങൾ കഥ പറയുന്നു എന്ന നാടകത്തിലൂടെയാണ് മുഹമ്മദ് ഇഹ്സാൻ മികച്ച നടനായത്. സുഹൃത്തുക്കളുടെയും സമൂഹത്തിൻ്റെയും അവഗണനയിൽ ഒറ്റപ്പെട്ട ഓമനക്കുട്ടൻ എന്ന വിദ്യാർത്ഥിയുടെ മാനസിക പ്രശ്നങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് മുഹമ്മദ് ഇഹ്സാൻ മികച്ച നടനായത്.