കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും കേരളഘടകം സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ 78-ാം ചരമവാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും കേരളഘടകം സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ 78-ാം ചരമവാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു. സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പതാക ഉയര്‍ത്തി ഉദ്ഘാടനംചെയ്തു.
നേതാക്കളും പ്രവര്‍ത്തകരും പി കൃഷ്ണപിള്ളയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.തൊഴിലാളിയായും ഹിന്ദി പ്രചാരകനായും സ്വാതന്ത്ര്യസമര സേനാനിയായും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം സെക്രട്ടറിയായും പി കൃഷ്ണപിള്ള നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. പുരോഗമന രാഷ്ട്രീയപ്രവര്‍ത്തനം വിഷമകരമായിരുന്ന 1930കളിലും 40കളിലുമാണ് പി കൃഷ്ണപിള്ള സമരങ്ങള്‍ നയിച്ചത്. 42 വര്‍ഷംമാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും ആ കാലയളവിനുള്ളില്‍ കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവായി വളര്‍ന്നു. പൊതുപ്രവര്‍ത്തനത്തിലെ അസാധാരണ സംഘടനാവൈഭവംകൊണ്ട് ആധുനിക കേരളത്തിന് വിസ്മരിക്കാന്‍ കഴിയാത്ത പേരായി പി കൃഷ്ണപിള്ള മാറി. ഒളിവുജീവിതത്തിനിടെ 1948ല്‍ ആഗസ്ത് 19നാണ് അദ്ദേഹം പാമ്പുകടിയേറ്റ് മരിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ എസ് മോഹനന്‍, റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍, കെ പി സജി എന്നിവര്‍ സംസാരിച്ചു.





