ന്യൂനപക്ഷങ്ങളുടെ എതിർപ്പ് പരാജയ കാരണം : ജോസ് കെ മാണി
ചെറുതോണി : ന്യൂനപക്ഷ വിഭാഗങ്ങൾ എതിരായതാണ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തിന് മുഖ്യ കാരണമെന്നു കേരള കോണ്ഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു .മുനമ്പം വിഷയത്തിലും ഭിന്നശേഷി അധ്യാപക നിയമനത്തിലും കന്യാസ്ത്രീകൾക്ക് റേഷൻ കാർഡും പെൻഷനും നൽകിയത് അടക്കം ഒട്ടനവധി കാര്യങ്ങൾ ചെയ്തെങ്കിലും ഇതൊന്നും തിരഞ്ഞെടുപ്പിൽ ചർച്ച ആയില്ലെന്നും കേരള കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം പറഞ്ഞു.
വന്യജീവി പ്രശ്‌നത്തിൽ ദുരിതം അനുഭവിച്ച മലയോര കർഷകർക്ക് ആശ്വാസമാകുന്ന രീതിയിൽ വനം വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ട് വരുന്നതിന് നിലപാട് സ്വീകരിക്കുകയും , പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഹൈറേഞ്ചിലെ ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിന് പുതിയ നിയമം പാസ് ആക്കുകയും ചട്ടങ്ങൾ കൊണ്ട് വരികയും ചെയ്തിട്ടും , ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാനും, ഏലം എന്ന് ലാൻഡ് രെജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി കർഷകർക്ക് പട്ടയം നൽകാനും ഉൾപ്പെടെ ഇടുക്കിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്തു എങ്കിലും ഇതൊന്നും ജനങ്ങൾക്കിടയിൽ ചർച്ചയാക്കി എൽ.ഡി.എഫിന് അനുകൂലമാക്കാൻ സാധിച്ചില്ല എന്ന് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ പാർട്ടിയുടെ വാർഡ് , മണ്ഡലം , നിയോജകമണ്ഡലം , ജില്ലാ തലങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി ആവശ്യമായ തിരുത്തലുകൾ നടത്തുന്നതിനും . കൂടുതൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ശക്തമായ സംഘടനാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ജില്ലാ കമ്മിറ്റി തീരുമാനം എടുത്തു
ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റോഷി അഗസ്റ്റിൻ , സിറിയക് ചാഴികാട്ട് , ബേബി ഉഴത്തുവാൽ , അഡ്വ.അലക്സ് കോഴിമല , പ്രൊഫ.കെ ഐ ആന്റണി , അഗസ്റ്റിൻ വട്ടക്കുന്നേൽ , റെജി കുന്നംകോട്ട് , അഡ്വ. മനോജ് എം തോമസ് ,ബാബു കക്കുഴി ,ഷാജി കാഞ്ഞമല ,ജിൻസൺ വർക്കി, ജിമ്മി മാറ്റത്തിപ്പാറ, ടോമി പകലോമറ്റം , അഡ്വ എം എം മാത്യു , ഷിജോ തടത്തിൽ , അഡ്വ ജെയിംസ് മ്ലാക്കുഴി , ജോസ് കുഴികണ്ടം , കെ എൻ മുരളി , ജോമോൻ പൊടിപാറ , സുബിത ജോമോൻ , ജോർജ് അമ്പഴം , അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു .

