പാചകവാതക പ്രതിസന്ധി: പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യ വകുപ്പ്
പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് പരിശോധന വ്യാപകമാക്കാന് ഭക്ഷ്യവകുപ്പ് തീരുമാനം. ഭക്ഷ്യ വകുപ്പ് നടത്തിയ ഒറ്റ ദിവസത്തെ പരിശോധനയില് 64 ഇടങ്ങളില് അനധികൃതമായി ഗ്യാസ് സിലിണ്ടര് കച്ചവടം നടത്തുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് പോലീസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന് തീരുമാനിച്ചത്.കോട്ടയം ജില്ലയില്നിന്ന് 57 ഗ്യാസ് സിലിണ്ടറുകളും തിരുവനന്തപുരം ജില്ലയില് നിന്ന് ഏഴു സിലിണ്ടറുകളുമാണ് പിടികൂടിയത്. അതേസമയം സംസ്ഥാനത്ത് ഗാര്ഹിക ഉപയോക്താക്കള് ആശങ്കപ്പെടേ സാഹചര്യമില്ലെന്ന് മന്ത്രി ജി.ആര്. അനില് അറിയിച്ചു.നിലവില് 18 ദിവസത്തേക്ക് ആവശ്യമായ 14536 ഗാര്ഹിക സിലിണ്ടറുകള് വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാര്ഹിക മേഖലയിലെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.എന്നാല് ഗാര്ഹികേതര സിലിണ്ടറുകളുടെ ക്ഷാമം അതീവ രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യം പരിഗണിച്ചു മുന്ഗണന അടിസ്ഥാനത്തിലായിരിക്കും ഗാര്ഹികേതര സിലിണ്ടറുകളുടെ വിതരണം നടത്തുക. നിലവില് മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഗാര്ഹികേതര ആവശ്യങ്ങള്ക്കായി മാറ്റിവച്ചിട്ടുള്ളത്. ഹോട്ടല് ഉള്പ്പെടെയുള്ള വാണിജ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഹിതം 30 ശതമാനമായി ഉയര്ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

