തമിഴ്നാട് തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടു; നാലുപേർ പിടിയിൽ, ശേഷിക്കുന്ന 13 പേർക്കായി 17 പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കി.
തമിഴ്നാട് തേനി ജില്ലാ ജയിലിൽ, ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ,മധുരൈ ജില്ലയിലെ പെരുങ്കുടി സ്വദേശിപ്രവീൺ,തേവാരം സ്വദേശി ചിലമ്പരശൻ,മധുര സുന്ദരരാജപുരം സ്വദേശി രാജ് കുമാർ, മേലമട സ്വദേശി രാജ സിക്കന്തർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ശേഷിക്കുന്ന 13 തടവുകാരെയും പിടികൂടുന്നതിനായി മധുരൈ പോലീസ് മേഖലയിൽ 17 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.ജയിലിൽ ഒരേ സെല്ലിൽ പാർപ്പിച്ചിരുന്ന 17 തടവുകാരിൽ ഒരാൾക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതായാണ് വിവരം. ഇതിനെത്തുടർന്ന് സെല്ലിനുള്ളിലേക്ക് എത്തിയ ജയിൽ ഉദ്യോഗസ്ഥരെ തടവുകാർ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
സംഭവത്തിൽ തലയ്ക്ക് പരിക്കേറ്റ ജയിൽ വാർഡൻ തങ്കപാണ്ടിയെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.രക്ഷപ്പെട്ട തടവുകാരുടെ പേരുവിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലിംഗം, കറുപ്പസാമി, തിരുപ്പതി, മീനാക്ഷിസുന്ദരം, ശബരി, പൊൻമുത്തു, നിജന്ത്, കാർത്തിക് രാജ, മുഖിലൻ, സെൽവ, തരുൺ, മുത്തു ഇളങ്കോ, രാജീവൻ എന്നിവരെയാണ് പിടികൂടാനുളളതെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും മധുരൈ സ്വദേശികളാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, ജയിലിന് പിന്നിലുള്ള വനമേഖലയിൽ ഒളിച്ചിരുന്ന പ്രവീണിനെ പോലീസ് ആദ്യം പിടികൂടി. മറ്റ് മൂന്നുപേരെയും തേനിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ശേഷിക്കുന്ന 13 പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി തേനി ജില്ലയ്ക്ക് പുറമെ മധുരൈ, ദിണ്ടിഗൽ ജില്ലകളിലും പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. തമിഴ്‌നാട്–കേരള അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിലെ എല്ലാ ചെക്ക്‌പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരുടെ ഫോട്ടോകൾ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
മധുരൈ പോലീസ് മേഖലയിൽ രൂപീകരിച്ച 17 പ്രത്യേക അന്വേഷണ സംഘങ്ങളും ക്രൈംബ്രാഞ്ച് പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പ്രധാന റോഡുകളിലും സംശയാസ്പദമായ പാതകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.രക്ഷപ്പെട്ട മുഴുവൻ തടവുകാരെയും പിടികൂടുന്നതുവരെ തിരച്ചിൽ നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.

