വെള്ളാപ്പള്ളി നടേശൻ പുറത്ത് SNDP യോഗം ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റി ഹൈകോടതി ഉത്തരവ്
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവൻ ഭാരവാഹികളെയും ഹൈക്കോടതി സ്ഥാനത്തുനിന്ന് നീക്കി. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ ഈ കടുത്ത നടപടി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് ഭാരവാഹി സ്ഥാനങ്ങളിൽ തുടരാൻ നിയമപരമായ അയോഗ്യതയുണ്ടായിരിക്കുകയാണ്.
വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കാര്യം വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചു. തന്നെ മാത്രമല്ല, മുഴുവൻ ഭാരവാഹികളെയും കോടതി നീക്കിയിട്ടുണ്ടെന്നും വിധിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്.
നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിശ്ചയിക്കേണ്ടി വരും. സമുദായത്തിനുള്ളിൽ ജനാധിപത്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പോരാടിയ എം.കെ. സാനു ഉൾപ്പെടെയുള്ളവരാണ്.

