വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെഎസ്‌യു-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാൻഡില്‍
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡില്‍.ബുധനാഴ്ച രാത്രിയാണ് അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവർത്തകരെ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. അതേസമയം എകെജി ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു.ആരോഗ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ആറ് യൂത്ത് ലീഗ് പ്രവർത്തകരാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാല്‍ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. ബുധനാഴ്ച രാത്രിയോടെ വീണ ജോർജിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.



