ഇടുക്കിയിലെ ഏലം കർഷകർക്ക് 5 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി പി.പ്രസാദ്

Feb 25, 2026 - 19:02
 0
ഇടുക്കിയിലെ ഏലം കർഷകർക്ക് 5 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി പി.പ്രസാദ്
This is the title of the web page

ഇടുക്കി ജില്ലയിൽ കടുത്ത വരൾച്ച മൂലം കൃഷിനാശം നേരിട്ട ഏലം കർഷകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ 5 കോടി രൂപ കൂടി അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു. 2025-ൽ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്നും അനുവദിച്ച 10 കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ ഈ തുക അനുവദിച്ചിരിക്കുന്നത്. ഇതോടെ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ മൊത്തം 15 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

2024 ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ അനുഭവപ്പെട്ട അപൂർവമായ കടുത്ത വരൾച്ച, ജലക്ഷാമം, ഉയർന്ന താപനില, മണ്ണിലെ ഈർപ്പക്കുറവ് എന്നിവ ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് ജില്ലയിൽ ആകെ 4364.4 ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. ഇത് ഏലം കൃഷി മുഖ്യജീവനോപാധിയായ ചെറുകിട, ഇടത്തരം കർഷകർക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇടുക്കി വികസന പാക്കേജിന്റെ നിലവിലെ മാർഗരേഖയിൽ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ, 2026 ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭായോഗം പ്രത്യേക ഇളവ് നൽകിയാണ് ഇപ്പോൾ ഈ തുക അനുവദിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നേരത്തെ അനുവദിച്ച 10 കോടി രൂപ ഏലത്തോട്ടങ്ങളുടെ പുനർജീവനത്തിനായി നടീൽ വസ്തുക്കൾ വാങ്ങുന്നതിനും ജീവാണു വളങ്ങൾ വിതരണം ചെയ്യുന്നതിനുമായാണ് വിനിയോഗിച്ചു വരുന്നത്. ഇപ്പോൾ പുതിയതായി അനുവദിച്ച 5 കോടി രൂപ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനും കൂടുതൽ ദുരിത ബാധിതരായ കർഷകർക്ക് സഹായമെത്തിക്കാനും ഉപകരിക്കും. കർഷകരുടെ വരുമാന നഷ്ടം കുറയ്ക്കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും ഇത് ശക്തമായ പിന്തുണയാകും.

വികസന പാക്കേജിൽ ആവശ്യമായ ഇളവ് വരുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് കർഷകക്ഷേമത്തിന് സർക്കാർ നൽകുന്ന പ്രാഥമികതയുടെയും സമയോചിത ഇടപെടലിന്റെയും തെളിവാണെന്ന് കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ കാർഷിക മേഖലയെ കൂടുതൽ പ്രതിരോധ ശേഷിയുള്ളതാക്കാനും കർഷകരെ സാമ്പത്തികമായി സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുന്നുവെന്ന ശക്തമായ സന്ദേശമാണ് ഈ തീരുമാനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow