വസ്തു തര്‍ക്കം ; ആലപ്പുഴയില്‍ ഭാര്യാസഹോദരനെ അരിവാള്‍കൊണ്ട് വെട്ടിയ പ്രതിക്ക് കഠിനതടവ്
വസ്തുത്തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ എഴുപുന്ന സൗത്ത് കൂവക്കാടുതറ വീട്ടില്‍ സോമൻ (42) ആണ് ശിക്ഷിക്കപ്പെട്ടത്. കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസില്‍ ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻ കോടതി (മൂന്ന്) ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
സോമന്റെ ഭാര്യയുടെ സഹോദരൻ കൂവക്കാടുതറ വീട്ടില്‍ ശശിയെ അരിവാള്‍കൊണ്ട് പിടലിക്കും കവിളിലും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. 2020 ജൂണ്‍ 27-നു രാത്രി ഒൻപതിനായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി.
സോമൻ ഇതേയാളെ ഈ കേസിനുശേഷം വീണ്ടും ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ചേർത്തല അസിസ്റ്റൻസ് കോടതി ഏഴുവർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നിലവില്‍ രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. പ്രതിയെ തിരുവനന്തപുരം സെൻട്രർ ജയിലില്‍നിന്നാണ് വിധിപറയാൻ ഹാജരാക്കിയത്.



