ക്ലാസിൽ വച്ച് അധ്യാപകൻ കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തി എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ലാസിൽ വച്ച് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ പോലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തിയാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സ്കൂളിൻ്റെ പ്രവേശന കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു. എന്നാൽ ഗേറ്റും പോലീസ് വലയവും മറികടന്ന് പ്രവർത്തകർ സ്കൂൾ വളപ്പിലേക്ക് ഇരച്ചു കയറി. തുടർന്ന് ഹെഡ്മാസ്റ്റർമായി എസ്എഫ്ഐ നേതാക്കൾ സംസാരിക്കുകയും അധ്യാപകനെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളതായി അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. വിദ്യാർഥികൾക്കെതിരെ ക്രൂരമായ നടപടികൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സാഹചര്യം സംസ്ഥാനത്ത് ഒരു വിദ്യാലയത്തിലും അനുവദിക്കില്ല എന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പറഞ്ഞു.
വിദ്യാർത്ഥിയെ മർദ്ദിച്ചു എന്ന പരാതിയിൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സി രാജശേഖരൻ ഇന്ന് സ്കൂളിൽ എത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തി. നിലവിൽ അന്വേഷണ വിധേയമായി ഒരു മാസത്തെ നിർബന്ധിത അവധിയിലാണ് ആരോപണ വിധേയനായ അധ്യാപകൻ.



