ദേശീയ പണിമുടക്ക് 12ന്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
മാസം 12ന് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കും. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 ന് പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

