നാലു കോടിയുടെ ലംബോര്‍ഗിനി മൂന്നര ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച് കണ്ണൂര്‍ സ്വദേശി : സരിൻ്റെ സ്വപ്ന വാഹനം സോഷ്യല്‍ മീഡിയയിലും വൈറലായി
നാലു കോടി രൂപ വരുന്ന ആഡംബ കാറായ ലംബോർഗിനിയുടെ മിനിയേച്ചർ വെറും മൂന്നര ലക്ഷം കൊണ്ടു നിർമ്മിച്ച പെരളശേരി മാവിലായി സ്വദേശിയായ സരിൻ സോഷ്യല്‍ മീഡിയയില്‍ വൈറലായി.കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചില്‍ നടന്ന ആഡംബര കാറിൻ്റെ ലോഞ്ചിങ് കാണാൻ വൻ ജനാവലിയെത്തി. ഇതോടെയാണ് സരിൻ്റെ മിടുക്ക് ലോകം മുഴുവൻ അറിഞ്ഞത്. ഐ.ടി.ഐ യില്‍ നിന്നും ഇലക്‌ട്രോണിക്സ് മെക്കാനിക്കല്‍ ഡിപ്ളോമ കഴിഞ്ഞിറങ്ങിയ സരിൻ നല്ലൊരു മെക്കാനിക്ക് കൂടിയാണ് .പഠന കാലത്ത് തന്നെ മോട്ടോർ വൈൻ ഡിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാറുണ്ട്. ഒരു വർഷം മുൻപാണ് ലംബോർഗിനി യെന്ന ആശയം മനസില്‍ വന്നത്.
ആദ്യം അതിൻ്റെ മിനിയേച്ചർ നിർമ്മിച്ചപ്പോള്‍ ആത്മവിശ്വാസം കൂടി. പിന്നീട് അതിൻ്റെ മോട്ടോർ എൻജിനായി പഴയ ഒരു നാനോ കാർ വാങ്ങി സ്ക്രാപ്പ് ചെയ്തു. ബാക്കിലാണ് എൻജിൻ ഫിറ്റ് ചെയ്തത്. പെരളശേരിയില്‍ കട്ടികൂടിയ ഷീറ്റുകളാണ് മെറ്റീരിയിലായി ഉപയോഗിച്ചത്. അതിനൊപ്പം മറ്റു സാധനങ്ങളും സംഘടിപ്പിച്ചു. ഏകദേശം ഒരു വർഷം കൊണ്ടു ലംബോർഗിനിയുടെ നിർമ്മാണം പൂർത്തിയായി. പെരളശേരിയില്‍ താൻ ജോലി ചെയ്യുന്ന ടാറ്റു സ്റ്റുഡിയോയില്‍ നിന്നും കിട്ടുന്ന തുക സ്വരൂപിച്ചാണ് സ്വപ്ന സാക്ഷാത്കാരം നടത്തിയതെന്ന് സരിൻ പറഞ്ഞു. സരിൻ്റെ ലംബോർഗിനി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നാടിൻ്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഇതു കാണാനായി മാവിലായിയില്‍ എത്തുന്നത്



