കടലില്‍ കിടന്നത് മൂന്ന് മാസം; കടല്‍ ചെളിയും ഷെല്ലുകളുംകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്ന വീഡിയോ; എക്കാലത്തെയും മികച്ച പരസ്യമെന്ന് സോഷ്യല്‍ മീഡിയ
മൂന്ന് മാസത്തോളം കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്ന ജെബിഎല്‍ ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോഴും പ്രവർത്തന സജ്ജം.കടല്‍ ചെളിയും ഷെല്ലുകളുംകൊണ്ട് മൂടിയ നിലയിലാണ് കരയില്‍ ബ്ലൂടൂത്ത് സ്പീക്കർ കണ്ടെത്തിയത്. സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എക്കാലത്തെയും മികച്ച പരസ്യമെന്നും തികഞ്ഞ ബ്രാൻഡ് പ്രമോഷൻ എന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍.
കടലില്‍ കിടന്നത് മൂന്ന് മാസം
കടല്‍ ചെളി, ഷെല്ലുകള്‍, കടലിലെ മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ കൊണ്ട് മൂടപ്പെട്ട നിലയില്‍ ഒരു ജെബിഎല്‍ സ്പീക്കർ കരയില്‍ കിടക്കുന്നതായി വീഡിയോയില്‍ കാണാം. ചെറിയ കടല്‍ പ്രാണികള്‍ അതിന്‍റെ മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്നതും കാണാം. ഏറെനാള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. പക്ഷേ, അമ്ബരപ്പിക്കുന്ന കാര്യം. അത് പ്രവർത്തനക്ഷമമാണെന്നതാണ്. അതെ അത് പാടുന്നു. വീഡിയോയില്‍ ജെബിഎല്‍ സ്പീക്കറില്‍ നിന്നും ഉയരുന്ന പാട്ട് വ്യക്തമായി കേള്‍ക്കാം. പാട്ട് കേള്‍ക്കുമ്ബോള്‍ അത് വൈബ്രേറ്റ് ചെയ്യുന്നതും കാണാം.
മികച്ച പരസ്യമെന്ന് പ്രതികരണം
എക്കാലത്തെയും മികച്ച പരസ്യമെന്നായിരുന്നു നിരവധി പേർ എഴുതിയത്. 20 കോടിക്ക് മേലെ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. പലർക്കും വീഡിയോയിലെ കാഴ്ച അവിശ്വസനീയമായി തോന്നി. അതേസമയം മറ്റ് ചിലർ വീഡിയോ ജെബിഎല്‍ പരസ്യത്തിന് ഉപയോഗിക്കണം എന്നാവശ്യപ്പെട്ടു. 'നാസ നിർമ്മിച്ചതുപോലെ സമുദ്രത്തെ അതിജീവിച്ചു, ജെബിഎല്‍ ഇവിടെ ഈടുനില്‍ക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത് ഏറ്റവും അവിശ്വസനീയമായ പരസ്യമല്ലെങ്കില്‍… എന്താണെന്ന് എനിക്കറിയില്ല!' അവിശ്വസനീയതയോടെ മറ്റൊരു കാഴ്ചക്കാരൻ എഴുതി. ബ്ലൂടൂത്ത് സ്പീക്കറുകളുടെ രാജാവായി ജെബിഎല്‍ നിശബ്ദമായി സിംഹാസനം ഏറ്റെടുത്ത ദിവസമാണിതെന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അതിനുശേഷം ജെബിഎല്‍ മാർക്കറ്റിംഗ് ടീമിന് 20 ദിവസത്തെ അവധി ലഭിച്ചു'വെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. '2026 ലെ അവരുടെ മാർക്കറ്റിംഗ് തന്ത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, അവർ തീർച്ചയായും തെറ്റായ ടീമിനെയാണ് നിയമിച്ചിരിക്കുന്നതെ'ന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. അതേസമയം മൂന്ന് മാസത്തോളം ബാറ്ററി ചാർജ്ജ് നില്‍ക്കുമോ? മൂന്ന് മാസം കൊണ്ട് ഇത്രയേറെ ചിപ്പികള്‍ കയറുമോ? തുടങ്ങിയ സംശയങ്ങളും മറ്റ് ചിലർ ഉന്നയിച്ചു.

