വളഞ്ഞാങ്കാനം കാർ അപകടം: മരിച്ചത്, ഉപ്പുതറ വളകോട് സ്വദേശിനി സോമിനി
കുട്ടിക്കാനത്തിന് സമീപം നിർത്തിയിട്ട കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഉപ്പുതറ വളകോട് ചാത്തനാട്ട് സോമിനി (67)യാണ് മരിച്ചത്. വിനോദ യാത്ര കഴിഞ്ഞ് കട്ടപ്പനക്കുള്ള യാത്രക്കിടയിൽ വളഞ്ഞങ്ങാനത്ത് വാഹനം നിർത്തി വിശ്രമിക്കുന്നിടയിലാണ് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. വലിയ പാറയോടൊപ്പമാണ് മണ്ണിടിഞ്ഞ് വീണത്. വാഹനത്തിലുണ്ടായിരുന്ന സോമിനി തത്ക്ഷണം മരിച്ചു. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും ഭാര്യ കട്ടപ്പന പോലീസ്‌സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ അനുഷകയും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്.സോമിനി ഒഴികെയുള്ളവർ കാറിന് പുറത്തേക്കിറങ്ങിയിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
അനുഷ്കയുടെ കഴുത്തിന് പരിക്കേറ്റു. കുട്ടികൾക്കും ചെറിയ പരുക്കുകൾ പറ്റി. ഇവരെ കോട്ടയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികൾ ഉൾപ്പെടെ 6 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സോമിനിയുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.