അഡ്വഞ്ചര് ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര് ബലൂണ് പ്രവര്ത്തനം നിരോധിച്ചു
പള്ളിവാസല് തട്ടാത്തിമുക്കിൽ 'ക്ലൗഡ് ഡെക്ക്' എന്ന പേരില് പ്രവര്ത്തിക്കുന്ന അഡ്വഞ്ചര് ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര് ബലൂണ് പ്രവര്ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ട് എയര് ബലൂണ് ഓഗസ്റ്റ് 31ന് സമീപത്തെ വൈദ്യുതി ലൈനില് തട്ടിയതായി ദേവികുളം സബ് കളക്ടര് നടത്തിയ അന്വേഷണത്തില് കണ്ടെത്തിയിരുന്നു. സബ് കളക്ടര് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂണ് നിയന്ത്രണം വിട്ട് വൈദ്യുതി ലൈനുമായി സമ്പര്ക്കത്തില് വരുന്നതും വൈദ്യുതാഘാതം, തീപ്പിടുത്തം തുടങ്ങിയ ഗുരുതര അപകടങ്ങള്ക്ക് കാരണമാകും. ഇത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് എയര് ബലൂണ് പ്രവർത്തനന്തിന് വിലക്കേർപ്പെടുത്തിയതെന്നും ജില്ലാ കളക്ടര് വ്യക്തമാക്കി.

