സ്വർണവിലയിൽ ഇടിവ് തുടരുന്നു, മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 4,800 രൂപ; 2026ൽ പുതിയ റെക്കോർഡെന്ന് പ്രവചനം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലെത്തി. പവന്റെ വില 240 രൂപ കുറഞ്ഞ് 99,640 രൂപയിലുമെത്തി. ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ഇതിൽനിന്ന്, മൂന്നു ദിവസത്തിനുള്ളിൽ ഇടിഞ്ഞത് 4,800 രൂപയാണ്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,340 രൂപയിലെത്തിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്സ് അസോസിയേഷൻ അറിയിച്ചു. ഗ്രാമിന് 25 രൂപ കുറച്ച് 10,240 രൂപയിലാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്സ് അസോസിയേഷന്റെ വിൽപന. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 243 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

