മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്.
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എൻ.സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാൽ, ഇതിൽ ഒരു ചിത്രം എഐ നിർമിതമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്നും അതിന്റെ വസ്തുതകൾ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.

