പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. സേനാപതി സ്വദേശി നാരുവെള്ളിയില്‍ വിഷ്ണുദാസ് ആണ് പിടിയിലായത്. ഉടുമ്പന്‍ചോല ശാന്തരുവി സ്വദേശി അനീഷ്‌കുമാറില്‍ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
പരാതിക്കാരന്റെ ശാന്തരുവി ഭാഗത്തുള്ള ഏലം സ്റ്റോറിന്റെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല പഞ്ചായത്തിലെ അഡീഷനല്‍ ചാര്‍ജ് കൂടി ഉള്ള പ്രതി പരാതിക്കാരനോട് കെട്ടിടം റെഗുലറൈസ് ചെയ്തു നല്‍കുന്നതിന് 50000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിവരം പരാതിക്കാരന്‍ ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

