മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ രാജ്യശ്രദ്ധ ആകർഷിച്ച ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഉപയോഗ ശൂന്യമായ ചില്ലു കുപ്പികൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഗ്ലാസ് വേസ്റ്റ് കളക്ഷൻ ഡ്രൈവ് ഒക്ടോബർ 7,8 തീയതികളിൽ സംഘടിപ്പിക്കുന്നു
ഒൿടോബർ 7,8 തീയതികളിലാണ് ഗ്ലാസ് വേസ്റ്റ് കളക്ഷൻ ഡ്രൈവ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും ഉള്ള ഭവനങ്ങളിൽ നിന്നും ആവശ്യമില്ലാത്ത ചില്ലു കുപ്പുകൾ ശേഖരിക്കുകയാണ്. ഇതിനായി ഹരിത കർമ്മ സേന ഉൾപ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
പഞ്ചായത്തിന്റെ ഓരോ വാർഡുകളിലും പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്ത് വീട് ഉടമകൾ മറ്റ് വ്യാപാരസ്ഥാപനങ്ങൾ ഉള്ളവർ ഉൾപ്പെടെ ചില്ലു കുപ്പികൾ എത്തിച്ചു നൽകണം. ഇവിടെ നിന്നും പഞ്ചായത്തിൻറെ വാഹനത്തിൽ ഇവ ശേഖരിച്ചാണ് എംസിഎഫിലേക്ക് കൊണ്ടുപോകുന്നത്. പഞ്ചായത്ത് നടത്തുന്ന ഈ ബൃഹത്തായ പദ്ധതിക്ക് പൊതുജനങ്ങളുടെ സഹകരണ ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. ഇതിൽ ആദ്യഘട്ടത്തിൽ 20 ടൺ ചില്ല് മാലിന്യങ്ങൾ ആണ് ലഭിച്ചത്. തുടർന്ന് വിവിധ സമയങ്ങളിൽ നടത്തിയ ശേഖരണത്തിൽ 65 ടന്നോളം ചില്ലുമാലിന്യങ്ങൾ നിലവിൽ പഞ്ചായത്ത് ശേഖരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ രണ്ട് ദിവസങ്ങളായി നടക്കുന്ന പ്രവർത്തനങ്ങളിലൂടെ ശേഖരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തനം നടത്തുന്നത്. ചില്ലു മാലിന്യം വലിയതോതിൽ ലഭിച്ചതോടെ ഇരട്ടയാർ പഞ്ചായത്ത് ടാക്സി സ്റ്റാൻഡിൽ സമീപത്തായി ചില്ലുമാലിന്യത്തിന് മാത്രമായി ഒരു മിനി എംസിഎഫ് പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.



