പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റിലെ ഇരട്ടകൊലപാതകം; കാരണം പ്രതിയുടെ അമിത മദ്യപാനവും കുടുംബ പ്രശ്‌നങ്ങളുമെന്ന് പൊലീസ്
പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റിലെ ഇരട്ടകൊലപാതകത്തിന് കാരണം പ്രതിയുടെ അമിത മദ്യപാനവും കുടുംബ പ്രശ്‌നങ്ങളുമെന്ന് പൊലീസ്. ഗ്ലെന്‍മേരി എസ്റ്റേറ്റിലെ പ്രിയങ്ക, പ്രിയങ്കയുടെ മാതാവ് നേശം എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. പ്രിന്‍സും പ്രിയങ്കയും തമ്മില്‍ ഏറെനാളായി കുടുംബപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ വഴക്കും പതിവായിരുന്നു.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിന്‍സ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടര്‍ന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാള്‍ വഴിയിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതി പ്രിന്‍സിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ മറ്റു കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

