പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
യുത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വി എസ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ച പോലീസുകാരെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിൽ കെ പി സി സി നിർദ്ദേശപ്രകാരമാണ് കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.
പോലീസിനെ ഉപദ്രവിച്ചുവെന്ന വ്യാജ എഫ് ഐ ആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാൻ ശ്രമിച്ച നടപടി രക്ഷിക്കേണ്ട കൈകൾ കൊണ്ട് ശിക്ഷിക്കുന്ന ഇടതുസർക്കാരിന്റെ പോലീസ് നയമാണ് കാണിക്കുന്നത്. ഒന്നിനുപിറകെ മറ്റൊന്നായി നിരവധിയായ പോലീസ് മർദ്ദനത്തിന്റെ കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
പോലീസിലെ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ ഉന്നത നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. "സുജിത്തിന് നീതി ലഭ്യമാക്കൂ... പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കൂ.."എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്‌ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പാർട്ടി പ്രതിഷേധ സദസ്സ് നടത്തുന്നത്. പ്രതിഷേധം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.



