എൻ ഐ ആർ എഫ് റാങ്കിംഗ്: മികച്ച നേട്ടവുമായി കട്ടപ്പന ഗവണ്മെന്റ് കോളേജ്
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (NIRF) കട്ടപ്പന ഗവണ്മെന്റ് കോളേജ് *151-200* റാങ്ക് ബാൻഡിൽ ഇടം നേടി. ആദ്യമായി NIRF റാങ്കിങ്ങിൽ പങ്കെടുത്ത നമ്മുടെ കോളേജ്, രാജ്യത്തെ നാലായിരത്തിലധികം കോളേജുകളിൽ നിന്ന് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടു എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്.
കട്ടപ്പന ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ കേരളത്തിലെ 37 കോളേജുകളാണ് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 100 റാങ്കിൽ 18 കോളേജുകളും 101-150 ബാൻഡിൽ 10 കോളേജുകളും 151-200 ബാൻഡിൽ 9 കോളേജുകളുമാണ് കേരളത്തിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 200 റാങ്കിൽ 12 ഗവണ്മെന്റ് കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്.
ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ള കോളേജുകൾ കേരളത്തിലെ പ്രശസ്തമായ സ്വയംഭരണ കോളേജുകളും NAAC A++ ഉൾപ്പെടെയുള്ള മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കോളേജുകളുമാണ്. ഈ പട്ടികയിൽ ഇടുക്കി ജില്ലയിൽ നിന്ന് ആദ്യ 200 ൽ ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കട്ടപ്പന ഗവണ്മെന്റ് കോളേജ്. അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ഈ നേട്ടം.



