ചെറുതോണിഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍കോളേജ് എന്നിവ ഒറ്റഫ്രെയിമില്‍ കാണാവുന്ന, ഇൻസ്റ്റഗ്രാം റീല്‍സിലൂടെ പ്രശസ്തമായ ലൊക്കേഷനില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

ചെറുതോണിഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കല്‍കോളേജ് എന്നിവ ഒറ്റഫ്രെയിമില്‍ കാണാവുന്ന ലൊക്കേഷനായിരുന്ന പൈനാവിനടുത്ത് കുരിശുമലയിലെ വ്യൂ പോയിന്റ്. വനം വകുപ്പാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത ഈ സ്ഥലത്ത് സഞ്ചാരികള്‍ അപകടത്തില്‍ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഇടുക്കി ഡാമിന്റെ ദൃശ്യം ഒപ്പിയെടുത്ത് ഇൻസ്റ്റഗ്രാം റീല്‍സിലൂടെ പ്രശസ്തമായ പോയിന്റില്‍ ഡാമിന്റെ സുരക്ഷ കൂടി മുൻ നിർത്തിയാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്.
ആളുകള്‍ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചു. വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റർ വരെ സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താൻ. ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാല്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും ഇല്ല. എന്നിട്ടും ഈ സ്ഥലത്ത് നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും വന്നു പോകുന്നത്.ഈ പ്രദേശത്ത് വലിയ താഴ്ചയിലുള്ള കൊക്കയും ഉണ്ട്.
ഇവ കൂടി പരിഗണിച്ചുകൊണ്ടാണ് വനംവകുപ്പ് സഞ്ചാരികള്‍ എത്തുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.