എസ്ബിഐക്ക് വൻ തിരിച്ചടി, ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നാളെ കൈമാറണം; ഹര്‍ജി സുപ്രീംകോടതി തള്ളി
വാദത്തിനിടെ എസ്ബിഐയെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമർശിച്ചു. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിർത്തിവച്ചുവെന്നും പൂർണ്ണവിവരം നല്‍കുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചത്.
ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹർജിയില്‍ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയില്‍ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നല്‍കിയത് പരസ്യപ്പെടുത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.