.പീരുമേട് താലൂക്കിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ടാറ്റാ ട്രസ്റ്റിന്ഡോക്‌ടർഗിന്നസ് മാടസാമി നിവേദനം നൽകി
2025–26-ലെ വാർഷിക റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 40 മുതൽ 50 വരെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രികളുടെ ശൃംഖലയിൽ പീരുമേട് താലൂക്കിനെയും പരിഗണിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.തേയില, ഏലം തോട്ടങ്ങളിലെ തൊഴിലാളികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളും ഏറെയുള്ള മലയോര മേഖലയാണ് പീരുമേട്.
തോട്ടങ്ങളിലെ വേതന കുടിശ്ശിക, ആനുകൂല്യങ്ങളുടെ ലഭ്യതക്കുറവ്, തൊഴിലാളി ലയങ്ങളിലെ മോശം ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽപരമായ ആരോഗ്യപ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, വിദഗ്ധ ചികിത്സ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവയും മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുണ്ടെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ കുറവും പരിമിതമായ രോഗനിർണയ സംവിധാനങ്ങളും കാരണം പല രോഗികൾക്കും മെച്ചപ്പെട്ട ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്നു.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വലിയ ഭാരവുമാണ്.കുമളിയിലോ ഏലപ്പാറയിലോ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ചാൽ തോട്ടം തൊഴിലാളികൾ, ചെറുകിട കർഷകർ, സാധാരണക്കാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.
പണം നൽകി ചികിത്സ നേടാൻ കഴിയുന്നവരിൽനിന്നുള്ള വരുമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കുന്ന ക്രോസ്-സബ്സിഡി മാതൃക ഈ മേഖലയ്ക്ക് ഏറെ അനുയോജ്യമാണെന്നും ചൂണ്ടിക്കാട്ടി.
പിന്നാക്ക ഗ്രാമീണ മേഖലകളിലെ ആരോഗ്യപരിരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പീരുമേട് താലൂക്കിനെ ആശുപത്രി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ടാറ്റാ ട്രസ്റ്റിന്റെ ചെയർമാൻ നോയൽ ടാറ്റയോടും ട്രസ്റ്റ് അധികൃതരോടും ഡോ. ഗിന്നസ് മാടസാമി അഭ്യർഥിച്ചു. ആശുപത്രി സ്ഥാപിക്കുന്നതിനുള്ള തുടർനടപടികളിൽ പ്രാദേശിക ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണം ഉറപ്പാക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

