ശബരിമല തീര്‍ത്ഥാടനം; കുമളിയില്‍ അന്തര്‍ സംസ്ഥാന യോഗം ചേര്‍ന്നു
കുമളി വഴിയും വണ്ടിപ്പെരിയാര്‍ വഴിയും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താന്‍ ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അന്തര്‍ സംസ്ഥാന യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. ഗതാഗത സംവിധാനങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും അടക്കം തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തേനി ജില്ലാ കളക്ടര്‍ വി ശിവകൃഷ്ണമൂര്‍ത്തി അറിയിച്ചു.
ഇത്തവണ ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കേന്ദ്രം വണ്ടിപ്പെരിയാറിന് സമീപം വാളാര്‍ഡിയിലായിരിക്കും പ്രവര്‍ത്തിക്കുക. അവിടെ ആരോഗ്യ പരിശോധന നടത്തിയ ശേഷമായിരിക്കും സത്രം വഴിയുള്ള കാനന പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ഹൃദ്രോഗമുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ പമ്പ വഴിയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കും. ഇക്കാര്യമുള്‍പ്പെടെ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് വേണ്ട രീതിയില്‍ തമിഴ്‌നാട്ടില്‍ പ്രചാരണം നല്‍കുമെന്ന് തേനി കളക്ടര്‍ അറിയിച്ചു.
പളനി, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും. തമിഴ്‌നാട്ടില്‍ നിന്നും അധിക ബസ് സര്‍വീസുകള്‍ ഉണ്ടാകും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണവും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും. വാളാര്‍ഡി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്‌സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി. തീര്‍ത്ഥാടന പാതകളിലെ തട്ടുകട ഉള്‍പ്പെടെയുള്ള ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളിലെ വില നിശ്ചയിച്ചതായും അധിക വിലയീടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു.
സത്രത്തിനും പുല്ലുമേടിനുമിടയില്‍ വനം വകുപ്പ് മൂന്നിടങ്ങളില്‍ക്കൂടി ഇത്തവണ സര്‍വീസ് സെന്ററുകള്‍ തുറക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആറ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തും. വാട്ടര്‍ അതോറിറ്റി ഉപ്പുപാറ മുതല്‍ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യും. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ഒരേ സമയം മൂന്നു ടീമുകള്‍ മേഖലയില്‍ റോന്തു ചുറ്റും. 24 മണിക്കൂറും നിരീക്ഷണമുണ്ടാകും. മഞ്ചുമല, കുമളി, പെരിയാര്‍, പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
കുമളി ബാംബൂ ഗ്രോവ്സില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി എസ്.പി ഡോ. എ നസീം, അഡീഷണല്‍ ജില്ലാ മജിസ്‌ടേറ്റ് മിനി കെ ജോണ്‍, ഇടുക്കി ആര്‍.ഡി.ഒ എസ് ശ്രീജിത്ത്, ഉത്തമപാളയം ആര്‍.ഡി.ഒ സെയ്ദ് മൊഹിയുദീന്‍ ഇബ്രാഹിം, തേനി എ.ഡി.എസ്.പി എന്‍ മഹേഷ്, ഇടുക്കി ഡി.വൈ.എസ്.പി രാജന്‍ കെ അരമന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി, ജില്ലാ സപ്ലൈ ഓഫീസര്‍ ജി ബീനാ ഭദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

