ഇടുക്കിയില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കളക്ടര്‍
ഇടുക്കിയില്‍ ഇന്ന് (11.10.2026 ഞായര്‍) വൈകുന്നേരം നാലിനും എട്ടിനും ഇടയില്‍ അടിമാലി, ഇടമലക്കുടി, തൊടുപുഴ ഭാഗങ്ങളില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിനോദ സഞ്ചാരികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. മൂന്നാര്‍ - അടിമാലി റൂട്ടില്‍ റോഡരികിലും വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപവും വിനോദ സഞ്ചാരികള്‍ നില്‍ക്കരുത്. വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപമുള്ള അപകട സാധ്യത മേഖലകളില്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യരുത്.
ഇന്ന് വൈകിട്ട് മൂന്നു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഇറങ്ങാനോ പാടില്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ പോലീസ് മേധാവി, ആര്‍.ടി.ഓ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.റ്റി.പി.സി സെക്രട്ടറി, ദേവികുളം സബ് കളക്ടര്‍, സെക്രട്ടറി അടിമാലി, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫും, ഫീല്‍ഡ് സ്റ്റാഫും ഫോണ്‍ കോളില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കണം. മരം ഒടിഞ്ഞും മറ്റും അപകട സാധ്യത ഉണ്ടാകാതിരിക്കാന്‍ തത്സമയം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതര്‍ നടപടി സ്വീകരിക്കണം. അതിതീവ്ര മഴ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

