ഇടുക്കിയിൽ ഈ മാസം 16-ന് സിപിഐഎം പ്രഖ്യാപിച്ച ഹർത്താൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി.
ഇടുക്കിയിൽ ഈ മാസം 16-ന് സിപിഐഎം പ്രഖ്യാപിച്ച ഹർത്താൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിൽ ജില്ലയിലെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയാത്തവരാണ് ഇപ്പോൾ ഹർത്താലുമായി ഇറങ്ങി ജനങ്ങളെ പരിഹസിക്കുന്നതെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ ഹർത്താൽ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖം നഷ്ടപ്പെട്ട സിപിഐഎം തങ്ങളുടെ ജാള്യത മറയ്ക്കാനാണ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബിജെപി സൗത്ത് ജില്ലാ നേതൃത്വം ആരോപിച്ചു. ഇഎസ്എ വിഷയത്തിൽ ആറ് കരട് വിജ്ഞാപനങ്ങൾ ഇറങ്ങിയിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. ജില്ലയിലെ ജനസംഖ്യ, സ്കൂളുകൾ, ആരാധനാലയങ്ങൾ, വ്യാപാര-സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച കൃത്യമായ ഡാറ്റ കോടതിയിലോ കേന്ദ്രത്തിലോ സമർപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. റവന്യൂ, വനം വകുപ്പുകളും അഡ്വക്കേറ്റ് ജനറലും നൽകിയ കണക്കുകൾ പരസ്പരവിരുദ്ധമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണം, ഭൂ-പട്ടയ പ്രശ്നങ്ങൾ, ഷോപ്പ് സൈറ്റ് പട്ടയം, ഇടുക്കിയിലെ നിർമാണ നിരോധനം, തകർന്നടിഞ്ഞ ആരോഗ്യമേഖല എന്നിവയിലൊന്നും സർക്കാർ ഇടപെട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. പ്രഖ്യാപിച്ച 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് വെറും കബളിപ്പിക്കലായിരുന്നു. സാധാരണ ജീവിതം തടസ്സപ്പെടുത്താൻ മാത്രമേ ഈ ഹർത്താൽ ഉപകരിക്കൂ എന്നും ബിജെപി വ്യക്തമാക്കി.
ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി. സി. വർഗീസ്, ജനറൽ സെക്രട്ടറിമാരായ കെ. കുമാർ, രതീഷ് വരകുമല, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. എൻ. പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

