കെ.എം.ജി ചാരിറ്റബിള്‍ ട്രസ്റ്റ് & സഹവര്‍ത്തിത പഠന കേന്ദ്രത്തില്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കെ.എം.ജി എജ്യൂക്കേറ്റര്‍ ഫോറം രൂപീകരിച്ചു
ഇടുക്കി ജില്ലയിലെയും പീരുമേട് താലൂക്കിലെയും നിര്‍ദ്ധന തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിന് സാഷാത്കാരം നല്‍കി കൈത്താങ്ങാവുകയും പരിശീലന ക്ലാസുകളിലൂടെ ഇതിനോടകം ഒട്ടനവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കാരണമായ സ്ഥാപനമാണ് വണ്ടിപ്പെരിയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ.എം.ജി ചാരിറ്റബിള്‍ ട്രസ്റ്റ് & സഹവര്‍ത്തിത പഠന കേന്ദ്രം. ഇവരുടെ പുതിയ സംരംഭമായാണ് കെ.എം.ജി എജ്യുക്കേറ്റര്‍ ഫോറം രൂപീകരിച്ചത്.
സഹവര്‍ത്തിത പഠന കേന്ദ്രം മുഖേന പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് ഗവ. ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് ആധുനിക കാലഘട്ടത്തിലെ കുട്ടികളെ യാതൊരുവിധ മാനസീക പിരിമുറുക്കങ്ങളും ഇല്ലാതെ പഠിപ്പിക്കുവാനും അധ്യാപന രംഗത്തെ പ്രൊഫഷണല്‍ കഴിവുകള്‍ മെച്ചപ്പെടുത്താനുമായി മാനസീകാരോഗ്യ ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് എജ്യുക്കേറ്റര്‍ ഫോറം രൂപീകരിച്ചത്. ഇതോടൊപ്പം അധ്യാപകര്‍ക്കാവശ്യമായ നൂതന വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യവും എജ്യുക്കേറ്റര്‍ ഫോറത്തിനുണ്ട്. കെ.എം.ജി ചാരിറ്റബിള്‍ ട്രസ്റ്റ് & സഹവര്‍ത്തിത പഠന കേന്ദ്രം ചെയര്‍മാന്‍ എം ഗണേശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ക്ലാസ് റും മാനേജ്‌മെന്റ്, സോഷ്യല്‍ ഇമോഷണല്‍ ലേണിംഗ്, ഇന്‍സ്ട്രക്ഷണല്‍ ടെക്‌നോളജി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രശസ്ത എജ്യുക്കേഷണല്‍ ട്രെയിനര്‍ റൂബിന്‍ സാമുവല്‍ പരിശീലന ക്ലാസ് നയിച്ചു. എംപവേര്‍ഡ് ടീച്ചേഴ്‌സ് ഇന്‍സ്പയേര്‍ഡ് സ്റ്റുഡന്‍സ് എ ബ്രൈറ്റ് ഫ്യൂച്ചര്‍ എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച എജ്യൂക്കേറ്റര്‍ ഫോറത്തിന്റെ ആദ്യഘട്ട പരിശീലന ക്ലാസുകളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ച 200ഓളം പേര്‍ പങ്കെടുത്തു.

