സേവന നിറവിൽ വളരുന്ന യുവത പുതിയ പ്രതീക്ഷ : മാർ സേവേറിയോസ്
ഇടുക്കി : സേവന തൽപരരായി വളരുന്ന പുതിയ തലമുറ നാടിന് പുതിയ പ്രതീക്ഷ നൽകുന്നവരാണെന്ന് സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. സാമൂഹ മാധ്യമങ്ങളുടെ കരവലയത്തിൽ മാത്രം ഒതുങ്ങാതെ ജെൻസി യുഗത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന യുവത സമൂഹത്തിൽ അനിവാര്യമാണ്. യുവസമൂഹ് സേവനാത്മക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷത്തിന്റെ കേന്ദ്രതല സമാപനം സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുങ്കിരിപ്പെട്ടി സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോസ് സാമുവൽ അധ്യക്ഷത വഹിച്ചു .യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ് മുഖ്യ സന്ദേശം നൽകി. എസ് ഐ ഡെജി വർഗീസ് ,ഫാ ജെസ്വിൻ ചാക്കോ, ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി അജു ജേക്കബ്, അനീഷ് ജേക്കബ്, നിഖിൽ കെ യോഹന്നാൻ,തോമസ് ഫിലിപ്പ്, ജെൻസൺ എന്നിവർ സംസാരിച്ചു.
ഒരാഴ്ച നീണ്ടു നിന്ന യുവജന വരാഘോഷത്തിന്റ ഭാഗമായി OCYM വിവിധ ഭദ്രസങ്ങളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ ആതുരാലയങ്ങളിൽ ഭക്ഷണ വിതരണം, രക്തധാന ക്യാമ്പ്, പരിസര ശുചീകരണം, ഓണാക്കോടി വിതരണം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടപ്പാക്കി.





