കൂട്ടാർ പുഴ അസാധാരണമായ രീതിയിൽ പതഞ്ഞ് ഒഴുകുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ അളവിൽ പത ഒഴുകുകയും കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്.
കൂട്ടാർ പുഴ അസാധാരണമായ രീതിയിൽ പതഞ്ഞ് ഒഴുകുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ അളവിൽ പത ഒഴുകുകയും കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. ആമയാർ ഭാഗത്തു നിന്നും വരുന്ന വെള്ളത്തിലാണ് ഇത്തരത്തിൽ പത കാണപ്പെട്ടത്.
ഇവ കൂട്ടാറിലും താഴെയുള്ള പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. രാസമാലിന്യങ്ങളോ വീടുകളിൽ നിന്നും സമീപത്തെ സ്ഥാപനങ്ങളിൽ നിന്നും ഒഴുക്കിവിടുന്ന രാസ വസ്തുക്കൾ കലർന്ന വെള്ളമോ പുഴ വെള്ളവുമായി കലർന്നതാണ് ഇതിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.
ചിലയിടങ്ങളിൽ വെള്ളത്തിന് നേരിയ ദുർഗന്ധമുള്ളതായും പ്രദേശവാസികൾ പറയുന്നു.കുടിവെള്ളത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി ഈ പുഴയെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ വലഞ്ഞിരിക്കുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കൂടാതെ വെള്ളത്തിലെ രാസമാലിന്യത്തിന്റെ അളവ് കൂടുന്നത് മീൻ ഉൾപ്പെടെയുള്ള ജലജീവികളുടെ നിലനിൽപ്പിന് ഭീഷണിയാണ്.
വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്വയംഭരണ അധികൃതരും അടിയന്തരമായി ഇടപെടണമെന്നും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പുഴയിലേക്ക് അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.





