കട്ടപ്പന പാറക്കടവിന് സമീപം നിയന്ത്രണം വിട്ട കാർ മൺതിട്ടയിലിടിച്ച് അപകടത്തിൽപ്പെട്ടു. കുഞ്ചിത്തണ്ണി സ്വദേശികളായ മൂന്ന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കട്ടപ്പനയിൽ പി.എസ്.സി പരീക്ഷ കഴിഞ്ഞ് കുഞ്ചിത്തണ്ണിയിലേക്ക് മടങ്ങുന്നതിനിടെ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ വളവിൽവെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതിനാലാണ് ഇവർ ഈ വഴിയിലേക്ക് എത്തിയതെന്നാണ് വിവരം.
റോഡരികിലെ മൺതിട്ടയിൽ ഇടിച്ചാണ് വാഹനം നിന്നത്. സമീപത്തുണ്ടായിരുന്ന വലിയ കുഴിയിലേക്ക് കാർ പതിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ക്രെയിൻ എത്തിച്ചാണ് വാഹനം മാറ്റിയത്. അപകടസാധ്യതയേറിയ ഈ വളവിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

