ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശന റോഡ് അപകടഭീഷണിയിൽ. സംരക്ഷണഭിത്തി തകർച്ചയുടെ വക്കിൽ. റോഡിൽ രൂപപ്പെട്ട ഗർത്തം ദുരന്തസാധ്യത ഉയർത്തുന്നു. അടിയന്തര സുരക്ഷാ നടപടികൾ വേണമെന്ന് ശക്തമായ ആവശ്യം.
ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പ്രവേശന കവാടത്തോട് ചേർന്നുള്ള സംരക്ഷണഭിത്തിയും റോഡും ഗുരുതര അപകടഭീഷണിയിലാണെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു. റോഡിന്റെ ഒരു വശം ഫില്ലിംഗ് ഭാഗത്തോട് ചേർന്ന് ഇടിഞ്ഞുപോയതോടൊപ്പം ശേഷിക്കുന്ന ഭാഗവും അകത്തേക്ക് ഇടിഞ്ഞ നിലയിലാണ്. സംരക്ഷണഭിത്തിയിലെ കല്ലുകൾ മുന്നോട്ട് തള്ളി നിൽക്കുന്നതും തകർച്ചാഭീഷണി വർധിപ്പിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ കോളേജിലേക്കും പുറത്തേക്കും നിലവിൽ ഈ റോഡ് മാത്രമാണ് പ്രധാന പ്രവേശന മാർഗം. അത്യാഹിത സാഹചര്യങ്ങളിൽ ആംബുലൻസുകൾ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ റോഡിലെ ഗർത്തം ശ്രദ്ധയിൽപ്പെടാതെ അപകടമുണ്ടാകാനോ, ഇടിഞ്ഞ ഭാഗത്തുകൂടി വാഹനം കടന്നുപോകുന്നതിനിടെ റോഡ് തകരാനോ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുകയാണ്. റോഡ് പൂർണമായും തകരുകയോ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയോ ചെയ്താൽ മെഡിക്കൽ കോളേജിന്റെ ഗതാഗതം തന്നെ തടസ്സപ്പെടുമെന്നും ആശങ്കയുണ്ട്.
വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്നത്തിന് മുൻ സർക്കാരുകളുടെ കാലത്തുപോലും സ്ഥിരപരിഹാരം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്ന അടിയന്തര അറ്റകുറ്റപ്പണികളും സംരക്ഷണഭിത്തിയുടെ ബലപ്പെടുത്തലും ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.





