ഇടുക്കിയില് വടിവാള് ആക്രമണത്തില് അഞ്ച് പേര്ക്ക് പരിക്കേറ്റ സംഭവം; ക്വട്ടേഷന് നേതാവ് കുന്നേല് രതീഷ് ഉള്പ്പെടെ അഞ്ച് പേര് അറസ്റ്റില്
ഇടുക്കി തൊടുപുഴ കുമാരമംഗലം ഉരിയരിക്കുന്ന് ഭാഗത്ത് വെച്ച് മുന് വൈരാഗ്യത്താല് സുഹൃത്തിന്റെ വാഹനം തകര്ത്ത് വടിവാള് കൊണ്ട് ആക്രമിച്ച കേസില് ക്വട്ടേഷന് നേതാവും നിരവധി കേസുകളിലെ പ്രതിയുമായ കുന്നേല് രതീഷും കൂട്ടാളികളും ഉള്പ്പെടെ അഞ്ച് പേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തെളിവെടുപ്പ് നടപടികള്ക്ക് ശേഷം കോടതിയില് ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ട് വാഹനങ്ങളിലായെത്തിയ രതീഷും സംഘവും മുമ്പ് സുഹൃത്തായിരുന്ന സനിത്തും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനത്തില് ഇവരുടെ വാഹനം ഇടിപ്പിച്ച ശേഷം വടിവാള് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില് ഉരിയരിക്കുന്ന് കരിക്കുംതോട്ടത്തില് സനിത്തിനും, ഇവരോടൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ നാല് യുവതികള്ക്കും പരിക്കേറ്റു. പരിക്കേറ്റവന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില് ചികിത്സ തേടിയിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ ക്വട്ടേഷന് സംഘമാണ് ആക്രമണം നടത്തിയതെന്നും സനിത്തും രതീഷും തമ്മിലുള്ള മുന് വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നുമാണ് സൂചന.

