കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ
വിജിലൻസ് ആവിഷ്കരിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. എറണാകുളം കറുകുറ്റി സ്വദേശിയായ ജോസ് എം.പി (54) ആണ് 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ 2025 ഒക്ടോബറിലാണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചത്. എന്നാൽ, അപേക്ഷയിൽ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയൽ വൈകിപ്പിച്ച ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റിനായി 150000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ബിൽഡിംഗ് എഞ്ചിനീയർ മുഖേന സംസാരിച്ചതിനെ തുടർന്ന് ഫയൽ താൽക്കാലികമായി അപ്രൂവ് ചെയ്തു നൽകി. എന്നാൽ കഴിഞ്ഞ മെയ് മാസത്തിൽ പരാതിക്കാരനെ വീണ്ടും ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തിയ ജോസ് കെട്ടിടത്തിലെ ഇരുമ്പ് ഗോവണി അനുമതിയില്ലാതെ നിർമ്മിച്ചതാണെന്നും അതിനാൽ അനുവദിച്ച നമ്പറുകൾ ക്യാൻസൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇത് ഒഴിവാക്കണമെങ്കിൽ 2,00,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുക കുറയ്ക്കാനായി പരാതിക്കാരൻ പലതവണ സമീപിച്ചെങ്കിലും 2 ലക്ഷം രൂപയിൽ കുറഞ്ഞ് ഒത്തുതീർപ്പിന് ഉദ്യോഗസ്ഥൻ തയ്യാറായില്ല.
ഇതിൽ ആദ്യ ഗഡുവായി 75000 രൂപ ഉടൻ നൽകണമെന്നും ഭീഷണിപ്പെടുത്തി.തുക നൽകാൻ താൽപര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ ഉദ്യോഗസ്ഥൻ വീഴുകയായിരുന്നു. തൊടുപുഴ മൂൺലൈറ്റ് ബാറിന് സമീപത്തുവെച്ച് പരാതിക്കാരനിൽ നിന്ന് 75000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.





