ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി റിമു (20) ആണ് പിടിയിലായത്.ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ വായപൊത്തി ഇയാൾ അടുത്തുള്ള ഏലക്കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
7.30 ഓടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് പ്രതി തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാർ അറിയുന്നത്.തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഉടുമ്പൻചോല പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാൾ എട്ടുമാസം മുമ്പാണ് ഇവിടെ എത്തിയത്.
ഏലത്തോട്ടത്തിൽ ജോലി ചെയ്തു വരികയായിരുന്നു. നാലു മാസങ്ങൾക്ക് മുമ്പ് മാനസിക വെല്ലുവിളികൾ നേരിടുന്ന മറ്റൊരു പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ സമീപത്തുള്ള ഒരു ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.അന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആ സംഭവവുമായി ഈ കേസിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.





