ഇടുക്കി വാഴത്തോപ്പിന് സമീപം വാഹനാപകടം; ഒരാൾക്ക് പരിക്ക്
അടിമാലി - കുമളി ദേശീയപാതയിൽ വാഴത്തോപ്പ് പള്ളിക്കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ബിൻഷയ്ക്കാണ് പരിക്കേറ്റത്. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം റോഡിൽ തെന്നിമറിയുകയും, യുവതി ബസ്സിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ഇവർ പതിനാറാംകണ്ടം പി.എച്ച്.സിയിലെ നഴ്‌സാണ്. യുവതിക്കൊപ്പം ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ വിനീത് പരിക്കേൽക്കാതെ രക്ഷപെട്ടു.
ബസ്സിനെ മറികടക്കുന്നതിനിടെ എതിർ ദിശയിൽനിന്ന് വന്ന പിക്കപ്പ് വാൻ കണ്ട് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. റോഡിൽ തെന്നിമറിഞ്ഞ ഇരുചക്രവാഹനം ഈ പിക്കപ്പ് വാനിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ യുവതിയെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇടുപ്പെല്ലിനേറ്റ പൊട്ടലിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.





