മൂന്നാറിൽ ഗതാഗത നിയന്ത്രണം; കുരുക്കിൽപെട്ട് യാത്രക്കാർ
മൂന്നാറിലെ പഴയ മൂന്നാർ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യതയെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. അവധി ദിനമായതിനാൽ എത്തിയ വിനോദസഞ്ചാരികളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്. മൂന്നാർ ടൗണിലും പരിസര റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
സമാന്തര പാതകളിലും തിരക്കേറിയതോടെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ കഴിയാതെ വാഹനങ്ങൾ ടൗണിൽ തന്നെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. മാട്ടുപ്പെട്ടി, ഇരവികുളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികൾ മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങിക്കിടക്കേണ്ട സാഹചര്യമുണ്ടായി. വാഹനങ്ങളുടെ എണ്ണം വർധിച്ചതും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് മൂന്നാറിൽ വ്യാപക ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ കാരണം.



