വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയെ വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ വണ്ടിപ്പെരിയാര്‍ പോലീസ് മുംബൈയില്‍ നിന്നും പിടികൂടി. പത്തനംതിട്ട തടിയൂര്‍ ആശാരിപറമ്പില്‍ അരുണ്‍ പ്രകാശാണ് പിടിയിലായത്.വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് നടന്നത്. മ്ലാമല സ്വദേശിയായ ആല്‍ബിന് വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രതി അരുണ്‍ പ്രകാശ് നാല് ലക്ഷത്തിലധികം രുപ കൈപ്പറ്റിയിരുന്നു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭ്യമായില്ല. തുടര്‍ന്ന് പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കിയില്ല. ഇതോടെ ആല്‍ബിന്‍ പോലീസില്‍ പാരാതി നല്‍കി. ഇതറിഞ്ഞ പ്രതി ദുബായിലേക്ക് കടന്നു.
ഇതോടെ പ്രതിയെ വിദേശത്ത് നിന്നും തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ വണ്ടിപ്പെരിയാര്‍ എസ്.ഐ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും നല്‍കി. ഇതിനിടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ അരുണ്‍ പ്രകാശിനെ അധികൃതര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസ് മുംബൈയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

