ഓപ്പറേഷന്‍ തൂഫാന്‍; പത്ത് കിലോയോളം കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോയോളം കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍ (29), കോടത്ത് തറയില്‍ അശ്വിന്‍ രാജ് (24), പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നടുക്കണ്ടം സ്വദേശി മോനായി എന്നു വിളിക്കുന്ന ശ്യാം ഓടി രക്ഷപെട്ടു. പാലാ റൂട്ടില്‍ കുഴിമറ്റത്തു വച്ചാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന.
മൂന്ന് ബൈക്കുകളിലായാണ് പ്രതികള്‍ കഞ്ചാവുമായി എത്തിയത്. പോലീസിനെ കണ്ടതോടെ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെത്തിയ ബൈക്കുകളും പിടിച്ചെടുത്തു. ഷിന്‍സാണ് മയക്കുമരുന്ന് വില്‍പ്പനയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ, കരിങ്കുന്നം, മുട്ടം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

