സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ജൂണ്‍ 30 വരെ
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതല്‍ 12 വരെ മിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എല്‍നിനോ കാരണം വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.
പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള ഉയര്‍ന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വര്‍ധനയും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂണ്‍ 16 മുതല്‍ തിരിച്ചുനല്‍കേണ്ട സാഹചര്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാല്‍ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയര്‍ന്നു.
വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ ജൂണ്‍ 16 മുതല്‍ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്. സാഹചര്യം വിലയിരുത്താന്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വൈദ്യുതി ലഭ്യതക്കുറവ് കൂടുതല്‍ രൂക്ഷമാകുന്ന പക്ഷം വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ഇബിക്ക് അനുമതിയും നല്‍കി.

