വണ്ടിപ്പെരിയാര്‍ സത്രത്തില്‍ സംഘര്‍ഷം; 20 പേര്‍ക്കെതിരെ കേസ്.
വണ്ടിപ്പെരിയാര്‍ സത്രത്തില്‍ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബൈക്ക് റൈഡേഴ്‌സ് ആയ യുവാക്കളെ റിസോര്‍ട്ടില്‍ കയറി ആക്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വിവിധ ജില്ലകളില്‍ നിന്നുള്ള 27ഓളം യുവാക്കള്‍ ബൈക്ക് റൈഡിനു വേണ്ടി സത്രം ഭാഗത്ത് എത്തിയിരുന്നു. ഇവര്‍ സത്രം മൊട്ടക്കുന്നിലേക്ക് ബൈക്കുമായി കയറുന്നതിനിടയില്‍ സഫാരി ജീപ്പ് വരികയും ചെളി തെറിപ്പിച്ചു എന്ന് ആരോപിച്ച് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.
തുടര്‍ന്ന് ബൈക്ക് റൈഡര്‍മാര്‍ താമസിക്കുന്ന സ്ഥലം മനസ്സിലാക്കിയ ജീപ്പ് ഡ്രൈവര്‍മാര്‍ റിസോര്‍ട്ടില്‍ എത്തുകയും കമ്പിവടി ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശി അനീഷിന്റെ കൈക്ക് ഒടിവ് സംഭവിച്ചു. കൂടാതെ മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഫൈന്റെ കാലിനും പരിക്കേറ്റു. ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാരനായ ചേര്‍ത്തല സ്വദേശി വിഷ്ണുലാല്‍ മറ്റ് ബൈക്ക് റൈഡര്‍മാര്‍ എന്നിവര്‍ വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുമളി സ്വദേശികളും സഹോദരങ്ങളുമായ കാര്‍ത്തിക്, കലേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് ജീപ്പ് ഡ്രൈവര്‍മാര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായ് പോലീസ് അറിയിച്ചു.



